ചിരിച്ചു കൊണ്ടേ ഇരിക്കുന്നവര്‍

Monday, December 23, 2013

ഒരു ലീവ് ലെറ്റർ അഥവാ പ്രണയ ലേഖനം

പ്രിയപ്പെട്ട കത്രീന ടീച്ചർ ,
ഇന്നലെ പനിയായത് കൊണ്ട് എനിക്ക് ടീച്ചറിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ പറ്റിയില്ല ...ദയവായി ഇന്നലത്തെ ഹാജർ എനിക്ക് തരണം എന്ന് അപേക്ഷിക്കുന്നു !! ടീച്ചർ ഹാജർ തന്നില്ലെങ്കിൽ എനിക്ക് ഈ കൊല്ലം പരീക്ഷ എഴുതാൻ ഒക്കത്തില്ല.
ഞാൻ ഒരുപാടു നാൾ ആയി ടീച്ചർനോട് ഒരു കാര്യം പറയണമെന്ന് വിചാരിക്കുന്നു ... ഇന്ന് ഈ ലീവ് ലെറ്റർ ഞാൻ ആ കാര്യം പറയാൻ ഉപയോഗിച്ചു കൊള്ളട്ടെ ...
ഒരു കൊല്ലം മുൻപ് ഞാൻ 8 ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ടീച്ചർ ഈ വിദ്യാലയത്തിൽ ആദ്യമായി വരുന്നത് ,ഞാൻ ഇന്നും ഓർക്കുന്നു ടീച്ചർ അന്ന് ഉടുത്തിരുന്ന മഞ്ഞ സാരി ...ടീച്ചർക്ക്‌ ഒരു കാര്യം അറിയുമോ ? ഞാൻ 9 ആം ക്ലാസ്സിൽ ഹിന്ദി രണ്ടാം ഭാഷ ആയി എടുത്തത്‌ എന്ത് കൊണ്ടാ എന്ന് ? ടീച്ചറിനെ ഒന്ന് കാണുവാൻ വേണ്ടി മാത്രം!! ....ഞാൻ എന്റെ മാതൃഭാഷ ആയ മലയാളത്തിനെ ആണ് ഉപേക്ഷിച്ചത് ...ഞാൻ ഹിന്ദി മാത്രം നന്നായി പഠിക്കുന്നത് എന്താ എന്ന് പലരും എന്നോട് ചൊദിചിട്ടുണ്ട് , ഉത്തരം ഞാൻ ടീച്ചറോട്‌ മാത്രം പറയാം .. ടീച്ചർ പഠിപ്പിക്കുന്നത്‌ കൊണ്ട് മാത്രം ഞാൻ ഒറക്കം ഒഴിഞ്ഞു ആണ് ഹിന്ദി പഠിക്കുന്നത് ....അത് കൊണ്ടാണ് ഹിന്ദിക്ക് എങ്കിലും ഞാൻ പാസ്‌ ആകുന്നതും ....
ഇനി ഞാൻ പറയാം എന്ന് പറഞ്ഞ കാര്യത്തിലേക്ക് വരാം.... ടീച്ചറിനെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് ടീച്ചറിന്റെ സ്വന്തം ഹിന്ദിയിൽ പറഞ്ഞാൽ " മേം അപ്പ് കോ ബഹുത് പ്യാർ കർത്താ ഹും ". ആദ്യമായി ടീച്ചറെ കണ്ട ആ നിമിഷം മുതൽ ഞാൻ ടീച്ചറെ പ്രേമിക്കുന്നു . ടീച്ചർ ഇല്ലാത്ത ഒരു ദിവസം എനിക്ക് ഗ്രാമർ ഇല്ലാത്ത ഹിന്ദി പോലെ ആണ് ...സത്യം പറഞ്ഞാൽ എനിക്ക് പനി വരാൻ കാരണക്കാരി ടീച്ചർ തന്നെ ആണ് ... കല്യാണ ആലോചനകൾ വരുന്ന കാര്യം ഞാൻ അറിഞ്ഞു അതാ എനിക്ക് പെട്ടന്ന് പനി വന്നത് .
ടീച്ചർക്ക് എന്നോട് ഇഷ്ടം ഉണ്ടെങ്കിൽ നാളെ മഞ്ഞ സാരി ഉടുത്തു വരുമല്ലോ ?
പിന്നെ ഇഷ്ടം ഇല്ലെങ്കിൽ കൂടി ഈ ലീവ് ലെറ്റർ ഹെഡ് മാസ്റ്റർ ഭാസ്കരൻ സാറിനെ കാണിക്കരുത് ....അയാൾ എന്റെ തൊലി പൊളിക്കും .....
ടീച്ചർ എന്റെ ഈ ലീവ് ലെറ്റർ ഒരു ലവ് ലെറ്റർ ആയി കൂടി പരിഗണിച്ചു രണ്ടു വിഷയങ്ങളിലും ഉടൻ ഒരു റിസൾട്ട്‌ തരും എന്ന് പ്രതീക്ഷിക്കുന്നു ....
സ്നേഹപൂർവ്വം,
ടീച്ചറിന്റെ സ്വന്തം ...
ബിനു മോൻ
9 സീ
ഗവ : ഹൈ സ്കൂൾ നെടുവണ്ണി
---------------------------------------------------------------------------------------------------------------------------------------------------
(NB :പ്രിയപെട്ടവരെ, കുട്ടി കാലത്തുണ്ടാകുന്ന ഒരു സ്വാഭാവിക വികാരത്തിൽ നിന്നും ആണ് ഈ പ്രണയ ലേഖനം എഴുതിയിരിക്കുന്നത് മറ്റൊരു അർഥം ഈ പ്രണയ ലേഖനത്തിൽ കാണരുത് എന്ന് അപേക്ഷ !!)

Sunday, December 15, 2013

ഓർമ്മകൾ മരിക്കുമ്പോൾ ....

ജാനകി അമ്മ പതിവ് പോലെ രാവിലെ നാലരക്ക് എഴുനേറ്റു ..... അടുകളയിലെ പണികൾ ചെയ്തു തുടങ്ങി .......കഴിഞ്ഞ ദിവസം രാത്രി ഉറങ്ങുവാൻ സാദിച്ചില്ല... ഭയങ്കര വയറു വേദന..... മക്കളെ വിളിച്ചു ബുദ്ധിമുട്ടിക്കാതെ 2 മണിക്ക് കട്ടൻ ചായ കുടിച്ചപ്പോൾ ആണ് ആശ്വാസം ആയതു, പിന്നെ 2 അര മണിക്കൂർ സുഖമായി ഉറങ്ങി ....ആദ്യം കുളി പിന്നെ അര മണികൂർ ഹരിനാമ കീർത്തനം...അങ്ങനെ ആണ് ശീലങ്ങളുടെ നിര ........മുറുക്കുന്ന സ്വഭാവം ഉണ്ട് ജാനകി അമ്മക്ക് ..രാവിലെ ഒരു തവണ എങ്കിലും പൊകില കൂട്ടി മുറുക്കിയാലെ ഒരു ഉഷാറു ഉണ്ടാകു ....
മാധവി എന്നെത്തെയും പോലെ ഇന്നും എഴുനെല്ക്കാൻ വൈകി ....മിനുവും സനിലും സ്കൂളിൽ പോകുവാൻ റടി ആയി കഴിഞ്ഞു !!ജനാർദ്ദനൻ മൊബൈലിൽ ഞെക്കി കൊണ്ട് വന്നു ഇരുന്നു പ്രാതൽ കഴിച്ചു ,ജാനകി അമ്മ പതിവ് പോലെ മാധവിയോടു പറഞ്ഞു "എനികൊന്നു ഗുരുവായൂർ പോകണം, കണ്ണനെ ഒന്ന് തൊഴണം" പണ്ട് മീനുമോൾക്ക് ചോറു കൊടുക്കാൻ പോയതാ ...ഒന്ന് പോയാലോ ? !! "തള്ളക്കു വയസാം കാലത്ത് ഇത് എന്ത് വട്ടാ? " എന്നും പുറു പുറുത്തു കൊണ്ട് മാധവിയും എഴുനേറ്റു പോയി ....
ജാനകി അമ്മക്ക് അകെ സങ്കടമായി ..ഒറ്റയ്ക്ക് പോകുവാൻ അറിയില്ല പണ്ടൊക്കെ ആയിരുനെങ്കിൽ ... ജാനകി അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുനുണ്ടായിരുന്നു ....
--------------------------------------------------------------------------------------------------------------------------------------------------- കുട്ടികൾ ഉച്ചക്ക് ക്ലാസ്സ്‌ കഴിഞ്ഞു വന്നപ്പോൾ അച്ഛമ്മ വയറു വേദന കൊണ്ട് പുളയുന്നതാണ് കണ്ടത് ....ഉടൻ തന്നെ അച്ഛനെ വിളിച്ചു ... അച്ഛൻ ഫോണ്‍ കട്ട്‌ ചെയ്തു ....അമ്മയെ വിളിച്ചു രക്ഷയില്ല !!! സനിൽ ഉടനെ തന്നെ അയ്ൽകാരൻ വാസു ഏട്ടനെ വിളിച്ചു ....
വാസു ഏട്ടൻ തന്നെ വണ്ടി വിളിച്ചു ,ജാനകി അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി ... ജനാർദ്ദനൻ, മാധവി എല്ലാവരും വന്നു,ഡോക്ടർ എന്തോ പറയുവാനായി ജനാർദ്ദനനെയും, മാധവിയെയും പുറത്തേക്കു വിളിച്ചു ....2 ദിവസം കഴിഞ്ഞു ഡിസ്ചാർജ് ആയി ..വീട്ടിൽ എത്തി !!
വീണ്ടും പ്രഭാതം ....മരുന്നിന്റെ ക്ഷീണം കൊണ്ടാകണം ജാനകി അമ്മ അന്ന് എഴുന്നേല്ക്കാൻ വൈകി ....അടുക്കളയിൽ എത്തിയപ്പോൾ മാധവി എല്ലാം പാചകം ചെയ്തു കഴിഞ്ഞിരിക്കുന്നു !!മാധവി പതിവിനു വിപരീതമായി ജാനകി അമ്മയോട് ചോദിച്ചു "എന്തിനാ അമ്മെ ഞാൻ ഉണ്ടല്ലോ ഇവിടെ, അമ്മ പോയി കിടന്നുകൊള്ളു എന്ന് ...."മാധവിയുടെ ചോദ്യം കേട്ട് ജാനകി അമ്മക്ക് സന്തോഷമായി !!
പേടിച്ചു പേടിച്ചു ചോദിച്ചു " മോളെ എന്നെ ഒന്ന് ഗുരുവായൂർ കൊണ്ട് പോകുമോ ?" .... "ഉം നോക്കട്ടെ" എന്നാണ് മറുപടി കട്ടിയത് .
ജാനകി അമ്മ മനസ്സിൽ കരുതി കുട്ടികള്ക്ക് ഇപ്പൊ എന്നെ ഇഷ്ടമായി തുടങ്ങി എന്ന് തോന്നുന്നു !!
ഉച്ചയൂണ് കഴിഞ്ഞു മാധവി വന്നു ജാനകി അമ്മയോട് പറഞ്ഞു "അമ്മേ നമുക്ക് നാളെ തന്നെ ഗുരുവായൂർ അമ്പലത്തിൽ പോകാം ഞാൻ ലീവ് എടുക്കാൻ തീരുമാനിച്ചു !! ജനാർദ്ദനൻ ഏട്ടനും ലീവ് എടുക്കും ....കുട്ടികളെയും കൂട്ടാം..."ജാനകി അമ്മക്ക് അതിരില്ലാത്ത സന്തോഷം ....
അടുത്ത ദിവസം രാവിലെ തന്നെ പോകാം എന്ന് കുട്ടികൾ വന്നു പറഞ്ഞു ....
ജാനകി അമ്മ വഴിപാടുകൾ കഴിക്കാൻ ഉള്ളതെല്ലാം ഒരുക്കി വച്ചു....
പ്രഭാതം
നാലുമണിക്കൂർ യാത്രക്ക് ശേഷം ഗുരുവായൂർ എത്തി ... നല്ല തിരക്കുണ്ട് !! മാധവി പറഞ്ഞു അമ്മ പോയി ക്യൂ നിന്ന് കൊള്ളൂ ഞങ്ങൾ ഇപ്പൊ വരാം കുട്ടികൾക്ക് കുറച്ചു കളിപാട്ടം വാങ്ങാൻ ഉണ്ട് .... വഴിപാട്‌ ഇടാൻ ഉള്ള 500 രൂപ ജാനകി അമ്മയുടെ കയിൽ കൊടുത്തു കൊണ്ട് മാധവി പറഞ്ഞു ..അമ്മേ പോകുന്ന വഴിക്ക് അമ്മ വഴിപാടിന് ടോകെൻ എടുക്കു ഞാൻ വഴിപാടുകൾ ഈ കടലാസ്സിൽ എഴുതി വച്ചിടുണ്ട് ....
മാധവിയും കുട്ടികളും ജനാർദ്ദനൻനും തിരിഞ്ഞു നടന്നു ....ജാനകി അമ്മ വഴിപാടുകൾ നോക്കുവാൻ പേപ്പർ തുറന്നു .....
അതിൽ എന്തോ എഴുതിയിരിക്കുന്നു !! ബാഗിൽ നിന്നും കണ്ണട എടുത്തു വായിച്ചു ...
കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ആ കടലാസ്സിൽ വീണു ....
ആ കടലാസ്സിൽ എഴുതിയിരുന്നത് ഇങ്ങനെ
അമ്മക്ക് ഇഷ്ടപെട്ട ഗുരുവായൂർ നടയിൽ തന്നെ താമസിച്ചു കൊള്ളൂ ...ഞങ്ങൾ പോകുന്നു ....
-----------------------------------------------------------------------------------------------------------------------------------------------------
ആ അമ്മക്ക് അർബുദം ആയിരുന്നു .... പണവും സമയവും പേടിച്ചു മക്കൾ ഉപേക്ഷിച്ചു ആ അമ്മയെ .....ഇത് പോലെ എത്ര എത്ര അമ്മമാർ ഗുരുവായൂരും ,പഴനിയിലും , വേളാങ്കണ്ണിയിലും ഒക്കെ നടതള്ളപ്പെടുന്നു? ....അമ്മമാരേ ജീവന് തുല്യം സ്നേഹിക്കുന ദൈവീക പുരുഷന്മാർ പോലും ലജ്ജിക്കുനുണ്ടാകും മനുഷ്യരുടെ ഈ പ്രവർത്തികളിൽ !!
ഒരിക്കൽ സ്വന്തം ഗർഭ പത്രത്തിൽ 10 മാസം ചുമന്നു വേദന തിന്നു പ്രസവിച്ച അമ്മയുടെ ഓർമ്മകൾ മരിക്കുന്ന മക്കൾ നമുകിടയിലും ഉണ്ടാകാം ..അന്നൊരിക്കൽ തന്റെ ശരീരത്തിന്റെ തേന്‍ തുള്ളികള്‍ വായിലെക്കിറ്റിച്ച സ്വന്തം അമ്മയെ ,ഇന്ന് നമ്മള്‍ മലയാളികള്‍ എങ്ങിനെ സംരക്ഷിക്കുന്നു ? ... തിരിഞ്ഞു നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..........ഒന്നോർക്കുക... നമുക്കും മക്കൾ ഉണ്ട് അവർ ഇതെല്ലാം തന്നെ ആണ് കണ്ടു പഠിക്കുന്നതും !!!

Tuesday, October 8, 2013

ആദ്യാനുരാഗം

കുട്ടികാലം എത്ര മനോഹരം ..... കുട്ടികാലത്തെ അനുരാഗം അതി മനോഹരം !!
സംഭവം അതായത് ആദ്യാനുരാഗം എനിക്കുണ്ടാകുന്നത് ഒരു സ്കൂള്‍ അവധി കാലത്താണ് ...
അവധി അടിച്ചു പൊളിക്കാന്‍ അമ്മാവന്റെ വീട്ടില്‍ വന്ന ഒരു കസിന്‍ പെണ്‍കുട്ടിയാണ് നമ്മുടെ നായിക... (ആശാട്ടി ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞു... രണ്ടു കുട്ടികളും ആയി , അതുകൊണ്ട് പേര് ഞാന്‍ പറയുന്നില്ല...)
പ്രദമദർശനം
ആദ്യമായി ഞാന്‍ അവളെ കാണുന്നത് ഒരു കല്യാണ വീട്ടില്‍ വച്ചാണ് ,പച്ച പട്ടുപാവട ഇട്ട ഒരു ഇരുനിറക്കാരി ....നല്ല നീണ്ട കട്ടിയുള്ള മുടി ....ഉരുണ്ട ഉണ്ട കണ്ണുകൾ... അകെ കൂടി ഒരു ആനചന്ദം .........
വായനോട്ടത്തിൽ നമ്മൾ സ്കൂളിൽ പോകുന്നതിനു മുന്നേ ഡിഗ്രി എടുത്തത്‌ കൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ അസ്സലായി വായനോക്കി ....ഇടക്ക് അവൾ എന്നെ നോക്കുനുണ്ടോ ?
കല്യാണം കഴിഞ്ഞു ...
സദ്യ ഉണ്ണുവാൻ അവിടെ മൽപിടുത്തം,കുതുകാൽ വെട്ടു,നുളഞ്ഞു കയറ്റം എന്നി കലാപരിപാടികൾ നടക്കുന്നു .. പച്ച കിളിയെ കാണുനില്ലല്ലോ ...
എന്തായാലും സദ്യ കഴിച്ചിട്ട് വായ നോക്കാം എന്നും വച്ച് ഞാനും കലാകാരന്മാരുടെ ഒപ്പം കൂടി ...തിക്കി തിരക്കി സദ്യക്ക് സീറ്റ്‌ കിട്ടി ....
ഇലയിൽ വിളമ്പിയ ഉപ്പേരി എന്റെ വിശപ്പിനെ ഇരട്ടിപ്പിച്ചു !!ഉപ്പേരി തിന്നാൻ ഉള്ള ആക്രാന്തം കൊണ്ട് വെള്ളം തട്ടി അടുത്ത ഇലയിലേക്ക് മറിഞ്ഞു .....നോക്കുമ്പോൾ എന്റെ അടുത്ത് ഇരിക്കുന്നു... നമ്മുടെ പച്ചകിളി ...അവളുടെ ഇലയിൽ ആണ് ഞാൻ വെള്ളം മറിച്ചത്..വെള്ളം വീണു അവളുടെ പച്ച പാവാട നനഞ്ഞു .... കഷ്ടം തന്നെ!! ... വേറെ സീറ്റ്‌ ഇല്ലാത്തതു കൊണ്ട് ആശാട്ടി എഴുനേറ്റു മാറി ....എന്റെ ഉപ്പേരി ആക്രാന്തം കൊണ്ട് പച്ചകിളി അതാ പറന്നു പോകുന്നു ....
അവൾ എന്നെ നോക്കി പുറുപുറുക്കുന്നുണ്ടോ ?
സദ്യ കഴിക്കുവാൻ ഉള്ള മൂഡ്‌ ഒക്കെ പോയി ...ബട്ട്‌, കഴിക്കാതിരിക്കാൻ വിശപ്പ്‌ അനുവദിച്ചില്ല ......
മനസ്സ് നിറയെ "പച്ച പട്ടുപാവട".
അവൾ പോയ വിഷമത്തിൽ 3 ഗ്ലാസ്‌ പാലട അടിച്ചു .....
പുനരാഗമനം
നാളുകൾ കടന്നു പോയി .... സ്കൂൾ അടച്ചു ഇനി കളിച്ചു തകർക്കണം!!
അങ്ങനെ ഇരിക്കെ ഒരു ദിവസം അമ്മാവന്റെ വീട്ടില്‍ പോയി വരാം എന്ന് അമ്മയോട് പറഞ്ഞു ഞാന്‍ ഇറങ്ങി ....നോക്കുമ്പോള്‍ നമ്മുടെ പച്ച പട്ടുപാവടക്കാരി ദാണ്ടെ അവിടെ അമ്മാവന്റെ വീട്ടില്‍ ഇരിക്കുന്നു ....എന്റമ്മോ ഇവൾ ഇവിടെ എങ്ങനെ ?
ആളു ഭയങ്കര പടിപിസ്റ്റ്‌ ആണ്ത്രെ അമ്മായിയുടെ കസിൻ ആണ് ....ആദ്യ ദിവസം പുള്ളികാരി ജാട ആയിരുന്നു കളിക്കാൻ ഒന്നും വന്നില്ല .....അടുത്ത ദിവസം വന്നു .... ജാട ഒക്കെ മാറി .... ഞങ്ങൾ നല്ല കൂട്ടുകാരായി അവളുടെ മുന്നിൽ ആളാകാൻ ഞാൻ പാടുപെട്ടു ,കളികളിൽ ഒന്നാമൻ ആയി . സ്ഥിരം വഴക്കാളിയയിരുന്ന ഞാൻ മരിയദ രാമൻ ആയി ...
അവൾക്കു വേണ്ടി എന്ത് ചെയ്യുവാനും ഞാൻ റെഡി ആയിരുന്നു ..... ഓണത്തിന് പൂ പറിക്കൽ ... ഓണ പൂകളം ഡിസൈൻ ചെയ്യൽ എന്നിവ ഞങ്ങൾ ഒരുമിച്ചു ഭംഗിയാക്കി ....അവൾക്കു എന്റെ മാത്രമായി സൂക്ഷിച്ചു വച്ചിരുന്ന WWF കാർഡ്‌ കൊടുത്തു ,ഗോലികൾ കൊടുത്തു,ബോൾട്ടുകൾ കൊടുത്തു എന്തിനു പൊട്ടാസ് വരെ കൊടുത്തു ......
വിരഹ ദുഃഖം
സമയം കടന്നു പോയി ....2 മാസം ......
ഒരു ദിവസം രാവിലെ അവൾ കളിക്കിടയിൽ പറഞ്ഞു ........"ഞാൻ നാളെ പോകും കേട്ടോ" ...
ഞാൻ ഞെട്ടി എനിക്ക് കരച്ചിൽ വന്നു ... അടുത്ത ദിവസം അവൾ പോകും .......എന്ത് രസം ആയിരുന്നു ഇത്ര ദിവസം .....
പിന്നെ മനസ്സിൽ പറഞ്ഞു അവൾ പോട്ടെ എനികെന്താ .......
അടുത്ത ദിവസം അമ്മകൊപ്പം അവൾ കാറിൽ പോകുന്നത് നോക്കി ഞാൻ നിന്നു....
കരച്ചിൽ വരുന്നുണ്ട് കരഞ്ഞാൽ നാണകേടാകും ......അത് കൊണ്ട് പിടിച്ചു നിന്നു അവൾ എന്നെ തിരിഞ്ഞു നോക്കി ,അവളുടെ ഉണ്ട കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ?
കാർ പോയതും പിന്നിൽ നിന്ന അയൽ വീട്ടിലെ ജോസഫ്‌ കരയുന്നു ....അലറി അലറി കരയുന്നു .........
ഞാൻ ചോദിച്ചു "എന്ത് പറ്റി ജോസഫ്‌ ? എന്തിനാ നീ കരയുന്നെ ? "
അവൻ പറഞ്ഞു "എനിക്ക് അവളോട്‌ പ്രേമം ആയിരുന്നു!!!പക്ഷെ അവൾ എന്നെ വിട്ടേച്ചു പോയടാ....."
ഞാൻ അവനെ സമാധാനിപിച്ചു ..."സാരമില്ലട പോട്ടെ !! നമുക്ക് വേറെ നോക്കാം !!ലോകത്ത് അവൾ മാത്രമല്ലല്ലോ പെണ്ണായി ഉള്ളത് !!"
അവൻ പറഞ്ഞു "അതല്ലട പട്ടി!! എന്റെ വീഡിയോ ഗൈയുമും കൊണ്ടാ അവൾ പോകുന്നെ... ഞാൻ അത് അവൾക്കു ഗിഫ്റ്റ് കൊടുത്തടാ!!!"
"ഇപ്പൊ വീഡിയോ ഗൈയുമും ഇല്ല അവളും ഇല്ല "
അപ്പോളാണ് എനിക്ക് മനസ്സിലായത്.... എനിക്കും ജോസെഫിന്റെ അസുഖം തന്നെ ആയിരുന്നു എന്ന് " പ്രേമം "...!!!
വാൽ കക്ഷണം :
"ഈയിടെ ഞാൻ അവളെ നേരിൽ കാണുകയുണ്ടായി ....അപ്പോൾ തോന്നി അന്ന് അവൾ അങ്ങനെ പോയത് എത്ര നന്നായി എന്ന് ....കാരണം ഇപ്പോൾ ഞാൻ അവളെ ചുമക്കണമെങ്കിൽ ഒരു ടിപ്പർ ലോറി തന്നെ വേണ്ടി വന്നേനെ,തീറ്റി പൊറ്റണമെങ്കിൽ മാവേലി സ്റ്റോറും "

Monday, April 22, 2013

കോഴിയുടെ കലിപ്പ് ........

5 ആം... ക്ലാസ്സില്‍ പഠിക്കുന്ന കാലം ....

അച്ഛമ്മ പറഞ്ഞതിന്‍ പ്രകാരം വീടിന്റെ സുരക്ഷ ചുമതല എനിക്കായിരുന്നു, പുറത്തുനിന്നും വരുന്ന ഒരു നുഴഞ്ഞു കയറ്റകാരെയും ഞാന്‍ വീടിറെ പറമ്പിൽ കടക്കുവാൻ അനുവദിച്ചിരുന്നില്ല ....(പൂച്ച ,പട്ടി, കോഴി എന്നിവയാണ് സ്ഥിരമായ നുഴഞ്ഞു കയറ്റക്കാർ ....)

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ വെറുതെ അടുത്ത വീടിന്റെ ഓടുകൾ പൊട്ടിച്ചു ഉന്നം പരിശീലിക്കുന്ന സമയം. അന്നാണ് ഞാൻ അവനെ ആദ്യമായി കണ്ടത് .വെളുത്ത സുന്ദരൻ, നീണ്ട കാലുകൾ,തലയിൽ തലപാവ് പോലെ ചുവന്ന പൂ .അപ്പുറത്തെ മിനിചേച്ചിയുടെ വീടിലെ പൂവൻ കോഴി അതാ വരുന്നു ചീരയുടെ കട മാന്താൻ ..... അച്ഛമ്മ കഷ്ടപ്പെട്ട് പാകിയ ചീര മാന്തി കളയുന്ന ഈ പഹയൻ പൂവൻ കോഴികിട്ടു ഒരു എട്ടിന്റെ പണി തന്നെ കൊടുക്കണം ....ഉന്നം നോക്കാൻ വച്ചിരുന്ന ഉരുളൻ കല്ലുകളിൽ ഒന്ന് എടുത്തു ഒരു വീക് കൊടുത്തു ....ഹോ എന്തൊരു ഉന്നം !! കറക്റ്റ് പൂവങ്കോഴിയുടെ ചന്തിക്കിട്ട് തന്നെ കൊണ്ടു..."കൊറോ കോ കോ" എന്ന് എന്നെ നോക്കി തെറിയും വിളിച്ചു കോഴി ഓടി മറയുന്നത് ഞാൻ നോക്കി ചിരിച്ചു..എന്നിട്ടും മതിയാകാഞ്ഞു "ആണാണെങ്കിൽ വാടാ കോഴി പണ്ടാരാ "എന്നു വെല്ലുവിളിച്ചു ....പൂവനെ ഓടിച്ച കഥ വീട്ടിൽ എല്ലാവരോടും ചില്ലറ നുണകൾ ഒക്കെ കൂട്ടി അടിച്ചു വിടുകയും ചെയ്തു .....

കോഴി, ഞാൻ അവന്റെ പുരുഷത്തം ചോദ്യം ചെയ്തത് കൊണ്ടാകണം ഇടകിടക്ക് എന്റെ ഏറു കൊള്ളാൻ വരും ... പഞ്ഞമില്ലാതെ ഞാൻ നല്ല വണ്ണം തന്നെ കൊടുത്തും വിടുക പതിവായി ....അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ ഉന്നം നോക്കി പ്രാക്ടീസ് ചെയ്യുമ്പോൾ ചെടികൾകിടയിൽ ഒരു അനക്കം ....വല്ല പാമ്പുമാണോ? പേടി പണ്ടേ നമ്മുടെ വീക്നെസ് ആയതു കൊണ്ടാകണം തിരിഞ്ഞു നോക്കാതെ വീടിലേക്ക്‌ ഒറ്റ ഓട്ടം കൊടുത്തു .... ഓടുമ്പോൾ "കോ കോ കോ" ശബ്ദം ....തിരിഞ്ഞു നോക്കിയ ഞാൻ ഞെട്ടി പുറകിൽ പൂവൻ കോഴി മുണ്ടും മടക്കി കുത്തി നില്ക്കുന്നു ...."നീ എന്നെ കല്ലെറിയും അല്ലെടാ?" എന്ന് അവൻ ചോദിക്കുന്നത് പോലെ എനിക്ക് തോന്നി...അവൻ എന്റെ നേരെ ഓടി വരുന്നു, കൊത്താൻ ആണ് ഭാവം!! .....ഞാൻ അലറി വിളിച്ചു കൊണ്ടു ഓടി രക്ഷപെട്ടു ....

അടുത്ത ദിവസം കശുമാങ്ങ പറിക്കാൻ തെക്കെ പറമ്പിൽ പോകുകയായിരുന്നു ഞാൻ .....പെടകൊഴികളുടെ ഇടയിൽ നിന്ന് ഷൈൻ ചെയ്തിരുന്ന പൂവൻ എന്നെ കണ്ടതും ദാ വരുന്നു കൊത്താൻ ... എന്റെ അമ്മച്ചിയോ( ഈ അലർച്ച കേട്ട് ഓടി കൂടിയ ആളുകൾക്ക് പിന്നീടു സദ്യ കൊടുക്കണ്ടി വന്നു )..... എന്നും വിളിച്ചു ഞാൻ ഓടി ... രക്ഷയില്ല കോഴി പണ്ടാരൻ പുറകെ ഉണ്ട് ... നിന്നാൽ എന്നെ കൊത്തും, കണ്ണ് കുത്തി പൊട്ടിക്കും, കണ്ണിലെങ്കിൽ ഈശ്വരാ ആലോചിക്കാൻ വയ്യ .....എന്താ ചെയ്യുക ? രണ്ടും കല്പിച്ചു, ഒരു കല്ലെടുത്തു.....നോക്കുമ്പോൾ അതാ പൂവൻ ബ്രേക്ക്‌ ഇടാൻ കഷ്ടപെടുന്നു ....ഓഹോ അപ്പൊ പൂവനും പേടിയൊക്കെ ഉണ്ട്!!! ......ഞാൻ തിരിഞ്ഞു നിന്നതും അവൻ പേടിച്ചു ...കല്ല്‌ ഓങ്ങിയപ്പോൾ പൂവൻ ഓട്ടമായി..അവൻ തിരിഞ്ഞു എന്ന് മനസിലായപ്പോൾ ഒരു അങ്കത്തിനു നില്കാതെ ഞാൻ വീട്ടിലേക്കു ഓടി കയറി ....വെറുതെ കോഴിയുടെ കൊക്കിനു പണി ഉണ്ടാക്കുന്നത് എന്തിനാ ?.അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ചക്ക് ഞാൻ അമ്മയോടൊപ്പം തുളസി ചേച്ചിയുടെ കടയിൽ നിന്നും പച്ചകറി വാങ്ങി വരുന്ന സമയം .... പൂവൻ മിനിചെചിയുടെ പറമ്പിൽ മണ്ണും മാന്തി നില്ക്കുന്നു ...പഹയൻ കണ്ടാൽ പണിയാ...ഞാൻ പേടിച്ചു പതുക്കെ അമ്മയുടെ പുറകിൽ ഒളിച്ചു .....പക്ഷെ അവൻ കണ്ടു പിടിച്ചു ....എന്തോ പകയുള്ളത് പോലെ എന്റെ നേർക്ക്‌ ആ കോഴി പണ്ടാരൻ വീണ്ടും വരുന്നു .... ഇന്ന് എന്നെ കൊത്തിയത് തന്നെ ....സ്വന്തം തടി രക്ഷിക്കുവാൻ ഞാൻ കുനിഞ്ഞു ഒരു കല്ലെടുത്തു കൊഴികിട്ടു ഒന്ന് കൊടുത്തു........ വീണ്ടും ഉന്നം തെറ്റിയില്ല ....കറക്റ്റ് ചന്തിക്കിട്ട് തന്നെ കൊണ്ടു.....വാവിട്ടു കരഞ്ഞു കൊണ്ടു കോഴി റോഡിലേക്ക് ഓടി .....അത് വഴി പോയ ഒരു മീൻകാരന്റെ ലുണ കോഴിയെ തട്ടി ... ഞാൻ കൈ കൊട്ടി ....അമ്മ വാ പൊത്തി....കോഴി വാവിട്ടു .....മീൻ കാരൻ പേടിച്ചു പറപറന്നു ....മിനി ചേച്ചി ഓടി വന്നു ...കോഴിയെ എടുത്തു കൊണ്ടു പോയി ...അടുത്ത ദിവസം രാവിലെ ആ സന്തോഷ വാർത്ത‍ കേട്ട് ഞാൻ തുള്ളി ചാടി .... "പൂവൻ കോഴിയെ മിനിചെച്ചി കറിവച്ചു" .....

Thursday, August 9, 2012

ചില വിവാഹനതര സമസ്യകള്‍ .... ഭാഗം 1

വിവാഹം ഏതൊരു മനുഷ്യന്റെയും സ്വപ്നം ....


തന്റെ ജീവിതത്തിലേക്ക് ഒരു പങ്കാളി കടന്നു വരുന്നതിന്റെ ആശങ്കകള്‍ ഉണ്ടെങ്കിലും അപൂര്‍വ്വം ചിലര്‍ക്കെങ്കിലും ഒറ്റപെടലുകളില്‍ നിന്നും കിട്ടുന്ന ഒരു കച്ചിതുരുബാണ് വിവാഹം .
"നൂറു കള്ളം പറഞ്ഞായാലും ഒരു വിവാഹം നടത്തണം" എന്നാണ് പഴചൊല്ല് ....
പക്ഷെ ചില കള്ളങ്ങള്‍ ഉണ്ടാക്കുന്ന അല്ലെങ്കില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ അല്ലെങ്കില്‍ പ്രശ്നങ്ങള്‍ എന്തൊക്കെ ആണ് എന്ന് നമുക്ക് നോക്കാം !! ....


നായക വര്‍ണ്ണന

വലിയൊരു കമ്പനിയില്‍ ചെറിയൊരു തസ്തികയില്‍ ജോലി ചെയ്യുന്ന ഒരു ഇടത്തരം കുടുബത്തിലെ വിധ്യാസംബന്നനായ ചെറുപ്പക്കാരനാണു .... നമ്മുടെ കഥയിലെ നായകന്‍ ....."സത്ഗുണസമ്പന്നന്‍".... പേരിനു പോലും ചീത്ത സ്വഭാവങ്ങള്‍ തൊട്ടു തീണ്ടാത്ത ഒരു അപൂര്‍വ ജീവി. ഒരുപക്ഷെ നമ്മള്‍ എല്ലാം ഇങ്ങനെ ഉള്ള അപൂര്‍വ ജീവികളെ കണ്ടിട്ടുണ്ടാകും ചിലപ്പോള്‍ കളിയാക്കിയിട്ടും ഉണ്ടാകും ....പുകവലിയില്‍ തുടങ്ങി അങ്ങ് വെള്ളമടിയില്‍ അവസാനിക്കുന്ന പുതിയ സംസ്കാരങ്ങളുടെ കിടന്നുവരവ് ഈ നാളുകളില്‍ " സ്റ്റാറ്റസ് " കൂട്ടുന്ന സംഭവങ്ങള്‍ ആണെന്നിരിക്കെ നായകന് കൂട്ടുകാരില്ലാത്ത ഒരു അവസ്ഥ സ്വാഭാവികമായും ഉണ്ടായി ,പെണ്‍കുട്ടികള്‍ വന്നു മുട്ടിയാല്‍ പോലും "സോറി" പറഞ്ഞു മുഖം തിരിഞ്ഞു നടക്കുന്ന പ്രകൃതക്കാരന്‍ ...നുണ പറയുവാന്‍ പോയിട്ട് ചിന്ദിക്കുവാന്‍ തന്നെ കേല്പ്പില്ലത്തവന്‍... ദിവസവും മാറ്റമില്ലാത്ത ഒരേ ശീലങ്ങള്‍ ... വീട് വിട്ടാല്‍ ഓഫീസ് - ഓഫീസ് വിട്ടാല്‍ വീട് ...

അങ്ങനെ പോയി അവന്റെ ദിവസങ്ങള്‍ ....അങ്ങനെ ഇരിക്കെ നായകന്റെ വീട്ടുകാര്‍ അവനു പെണ്ണലോചന തുടങ്ങി ...മനസ്സില്‍ ആഗ്രഹമുണ്ടെങ്കിലും നായകന്‍ ശക്തമായി തന്നെ അതിനെ എതിര്‍ക്കുകയും ഒടുവില്‍ വഴങ്ങുകയും ചെയ്തു ....നായകന്റെ സ്വഭാവ മഹിമ കൊണ്ട് നല്ലൊരു നിലയിലെ പെണ്‍കുട്ടിയെ കിട്ടുകയും ചെയ്തു ,...

നയികാ വര്‍ണ്ണന

നായിക അതി സുന്ദരി.... നായകന്റെ വിപരീതം എന്ന് പറയേണ്ടിവരും ...കാരണം കേരളത്തില്‍ ജോലി തേടി അലയുന്ന എം.ബി.എ കാരെ പോലെ ആണ് അവളുടെ കൂട്ടുകാരുടെ എണ്ണം .വലിയൊരു കമ്പനിയില്‍ വലിയൊരു തസ്തികയില്‍ ജോലി ജോലി ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരു അസാധാരണ പെണ്‍കുട്ടി ,വമ്പന്‍ ഒരു സ്വര്‍ണ്ണ വ്യാപാരിയുടെ ഒറ്റ മകള്‍. ഭയം വരെ ഭയപെടുന്ന ഭയങ്കരി. ദേവി എന്ന പേരില്‍ ഫൂലന്‍ വിട്ടുപോയോ എന്ന് തോന്നിപ്പിക്കുമാര് സ്വഭാവം,കഴുത്തു ചുറ്റി കിടക്കുന്ന നാവ് .ആളു ഭയങ്കരി ആണെങ്കിലും സത്സ്വഭാവി സ്നേഹിക്കുന്നവര്‍ക്ക് വാരി കോരി എന്തും കൊടുക്കുന്ന പ്രക്രിതക്കാരി !!

നമ്മുടെ കൊച്ചു കേരളത്തില്‍ ഇപ്പോള്‍ വളരെ വിരളമായി കാണുന്ന ഒരു അപൂര്‍വ സംഭവമാണ് ഇവിടെ നടക്കുവാന്‍ പോകുന്നത് "തീരുമാനിച്ചുറപ്പിച്ച വിവാഹം" അതായത് "ARRANGED MARRIAGE"

മൊബൈല്‍ വസന്തം

ജീവിതത്തില്‍ ആദ്യമായി ഒരു കൂട്ടുകാരിയെ കിട്ടിയ നമ്മുടെ നായകന് അളവില്ലാത്ത സന്തോഷം ഉണ്ടായി ഒപ്പം .. ഒരിക്കലും ഒരു പെണ്‍കുട്ടിക്കും പങ്കുവചിട്ടില്ലാതെ അവന്റെ നിഷ്കളങ്കമായ സ്നേഹവും അവന്‍ അളവ് കോല്‍ ഇല്ലാതെ നായികക്ക് നല്‍ക്കി പോന്നു ...മൊബൈല്‍ പോലും ഇല്ലായിരുന്ന നായകന്‍ ഡബിള്‍ സിം മൊബൈല്‍ വാങ്ങി ....മിസ്സ്കാള്ളിനോപ്പം എസ്. എം. എസ് കൈമാറ്റങ്ങളും മണികൂറുകള്‍ നീടുനില്‍ക്കുന്ന ഫോണ്‍ വിളികളും പതിവാക്കി .....

വാ വിട്ട നാക്ക്‌

താന്‍ ജോലി ചെയ്യുന്നത് വലിയൊരു കമ്പനിയില്‍ ചെറിയൊരു തസ്തികയില്‍ ആണെന്നും ശമ്പളം മാസം തോറും പടക്കം പൊട്ടുന്ന പോലെ തീരുമെന്നും മറ്റുമുള്ള അപ്രിയ സത്യങ്ങള്‍ നായികയോട് തുറന്നു പറഞ്ഞു . സ്നേഹത്തിന്റെ മലക്ക് മുകളില്‍ ഇരുന്നപ്പോള്‍ അഗ്നിപര്‍വത സ്പോടനം ഉണ്ടായതു പോലെ ആയി ഈ വാക്കുകള്‍ നായികക്ക് !! വീടുകര്‍ നായകനെ ഒരു സംഭവമായി ആണ് പെണ്‍ വീട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നത് ... ഒറ്റ ദിവസം കൊണ്ട് മിസ്റ്റര്‍ നിഷ്കളങ്കന്‍ അത് കുളമാക്കി കൈയില്‍ കൊടുത്തു.

നായികാ ശിരോമണി മിസ്റ്റര്‍ സത് സ്വഭാവിയെ കളിയാക്കല്‍ പതിവായി ..... കൈയില്‍ കാശ് ഇല്ലാത്തതാണ് കാരണം .... നല്ലൊരു ജീവിതം താന്‍ കൊതിക്കുന്നുവെന്നും അത് തരേണ്ട ബാധ്യത ഭര്‍ത്താവ് എന്ന നിലക്ക് തരേണ്ട കടമ ഉണ്ടെന്നും പറഞ്ഞു "മിസ്റ്റര്‍ നിഷ്കളങ്കനെ" എരികയറ്റി ... എരി കേറ്റലില്‍ പിരിമുരുകിയ നായകന്‍ കാശുണ്ടാക്കുവാന്‍ കച്ചകെട്ടി .കല്യാണത്തിന് മുന്നേ താന്‍ കുറെ കാശുണ്ടാക്കും എന്ന് മിസ്റ്റര്‍ നിഷ്കളങ്കന്‍ പ്രതിക്ഞ്ഞ ചെയ്തു ....പക്ഷെ സന്ദര്ഭവശാല്‍ പ്രതിക്ഞ്ഞ കൊടുത്ത നായകന്‍ പ്രതി ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ !!

ഒരു ചുക്കും നടന്നില്ല !!

പക്ഷെ കല്യാണം മംഗളമായി നടന്നു !! ഫോണ്‍ വഴി കിട്ടിയിരുന്ന ഉപദേശങ്ങള്‍ നേരിട്ട് കിട്ടിത്തുടങ്ങി നായകന് .......ഹണിമൂണ്‍ കാശ്മീരില്‍ സ്വപ്നം കണ്ടിരുന്ന നായികയെ കണ്ണൂരില്‍ പോലും കൊണ്ടുപോകാന്‍ നായകന് കഴിഞ്ഞില്ല ....ദൂരദര്‍ശനില്‍ പണ്ട് ഉണ്ടായിരുന്ന പ്രതികരണം പരിപാടിയില്‍ ഉണ്ടായിരുന്ന പരാതിപെട്ടി പോലെയായി നായികാ നായക സംഭാഷണങ്ങള്‍ !!ചക്കകൂട്ടാനില്‍ ചക്ക കുരു തിരയുന്നത് പോലെ ഇരുവരും പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിച്ചു .....

Thursday, April 19, 2012

പൂച്ച മഹാത്മ്യം @ ഖത്തര്‍

ശത്രുവിന്റെ ശത്രു മിത്രം !!

ഇങ്ങനെ ആകാം പൂച്ചയും മനുഷ്യനും മിത്രങ്ങള്‍ ആയത്..... എലി എന്ന പൊതു ശത്രുവിനെ ഇല്ലാതാക്കുവാന്‍ പണ്ടേ നമ്മള്‍ മനുഷ്യര്‍ പൂച്ചകളുമായി സൌഹൃദത്തില്‍ ആയി എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു .......

പക്ഷെ ഈ പൂച്ചകള്‍ മനുഷ്യന്റെ മേല്‍ ആദിപത്യം സ്ഥാപിക്കുന്ന തരത്തില്‍ വളര്‍ന്നാലോ?

അപ്പോള്‍ പണ്ട് ഇന്ത്യകിട്ടു ചൈന പണി തന്നത് പോലെ ആകും അല്ലെ?

ഇങ്ങനെ ഒക്കെ എന്നിക്ക്‌ തോന്നി തുടങ്ങിയത് ഖത്തറില്‍ എത്തിയതിനു ശേഷമാണ് .. കാരണം ഇവിടെയും ഉണ്ട് അറബി പൂച്ചകള്‍ ... കണ്ടാല്‍ തണ്ണി മത്തന്‍ ഉരുണ്ടു നടക്കുകയാണ് എന്ന് തോന്നും .....ഒന്നിനും മാനുഷരെ പേടിയില്ല ...നമുടെ നാട്ടില്‍ മനുഷരുടെ നിഴല്‍ വെട്ടം കണ്ടാല്‍ ഓടുന്ന പൂച്ചകള്‍ ഈ അറബി നാട്ടില്‍ ഓടിചിട്ടാല്‍ പോലും ഓടാത്ത ടൈപ്പ് ആണ് .... മാത്രമല്ല ഉണ്ടാക്കുന്ന ഭക്ഷണ സാദനങ്ങള്‍ ചോദിക്കാതെ എടുത്തു വിഴുങ്ങുകയും ചെയ്യും ..

ഈയിടെ ഉണ്ടായ ഒരു സംഭവം തന്നെ ഉദാഹരണം ...രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്ന സഹമുറിയന്‍ ഓര്‍ഡര്‍ ചെയ്തു മേശമേല്‍ വച്ചിരുന്ന മീന്‍ ബിരിയാണി കവര്‍ തുറന്നു മീന്‍ മാത്രമെടുത്തു അടിച്ച പൂച്ച ശിരോമണി മുള്ള് പോലും ബാക്കിവയ്ച്ചില്ല ......പാവം പിന്നെ ഓണക്ക കുബൂസ് കഴിച്ചാണ് വയറിലെ തീ കിടത്തിയത്‌ !!!

മാത്രമല്ല അടുക്കള പരിസരങ്ങള്‍ പൂച്ച ശിരോമണികള്‍ കക്കൂസ് ആക്കുന്നതും ഇവിടെ ഒരു പുതിയ കാര്യം അല്ല .... ഇന്ത്യയിലേക്ക്‌ നുഴഞ്ഞു കയറുന്ന പാക്കിസ്ഥാന്‍ തീവ്രവാദികളെ പോലെ പൂച്ചകള്‍ വില്ലയിലെക്കും നുഴഞ്ഞു കയറുന്നത് തടയുവാന്‍ ആര്‍കും സാദിക്കാറില്ല എന്നത് ഒരു നഗ്ന സത്യം തന്നെ ആണ് !!
അറബി മാത്രം അറിയുന്ന പൂച്ചകള്‍ ആയത് കൊണ്ടാകും നാട്ടിലെ ഹിറ്റ്‌ ഡയലോഗ് അയ " പോ പൂച്ചേ " പോലും എശുനില്ല ....പണ്ട് എലികെണി വച്ചിരുന്നത് പോലെ ഇവിടെ ഒരു പൂച്ച കെണി വച്ചാലോ എന്ന പ്ലാനിലാണ്‌ ഞങ്ങള്‍ ....പൂച്ചകളെ വെടിവച്ചു കൊല്ലണം എന്ന് പറയുന്നവരും കുറവില്ല .....എന്തായാലും ഇവിടെ ഒരു പൂച്ച ഹത്യ നടക്കും എന്നത് ഉറപ്പാണ്‌ ....

പൂച്ചകള്‍ വരുത്തുന്ന മറ്റൊരു വിനയാണ്‌ വാഹനങ്ങള്‍ക്ക് മേല്‍ ഉള്ള കിടന്നു കയറ്റവും സഹശയനവും ... ഖത്തറിലെ ഒട്ടു മുക്കാല്‍ വാഹനങ്ങളും പൂച്ചയുടെ നഖങ്ങളുടെ മൂര്‍ച്ച അറിഞ്ഞു കാണും എന്ന് തീര്‍ച്ച .....കാരണം അതിന്റെ അടയാളങ്ങള്‍ തന്നെ !!!... ഓരോ ദിവസവും പൂച്ച ശിരോമാണികള്‍ പിച്ചിചീന്ദുന്ന പാവം കാര്‍സുന്ദരികളുടെ എണ്ണം 100 എങ്കിലും വരുമെന്നാണ് കണക്ക്..ഇങ്ങനെ പോകുകയാണെങ്കില്‍ ഖത്തര്‍ ഗവണ്മെന്റ് ഇവറ്റകള്‍ക്കും വിസയും,ശിക്ഷാ മുറകളും മറ്റും എര്‍പെടുതെണ്ടി വരും എന്നതില്‍ സംശയം ഇല്ല !!

Thursday, April 12, 2012

ഒരു ഇന്ത്യന്‍ സയന്‍സ് ഫിക്ഷന്‍ !!!

ഭൂഗര്‍ഭ ജലത്തിന് വില ഈടാക്കണം -പ്രധാനമന്ത്രി

ഇന്നു പത്രത്തില്‍ ‍ഈ തലകെട്ട് കണ്ടപ്പോള്‍ തോന്നിയ ഒരു ഭാവി ഇന്ത്യ ഇതായിരുന്നു !!!നമുക്ക് ഭാവിലേക്ക്‌ അല്പം സഞ്ചരിച്ചാലോ ?

2070 january 1

ലുസിഫെറിന്റെ ഡയറിയില്‍ നിന്നും ഒരു ദിവസം
രാവിലെ പതിവ് പരിപാടിയായ ജോഗ്ഗിംഗ് ആണ് ലക്‌ഷ്യം .... തടി ഈയിടെ ആയി അല്പം കൂടുനുണ്ട്. ഐ ഫോണ്‍ 35z ഗോന്ദ്രോയോദ് സാങ്കേധിക വിദ്യ സംവിധാനത്തിലൂടെ ബെഡ് റണ്ണിംഗ് എന്ന സോഫ്റ്റ്‌വെയര്‍ എടുത്തു ഓണ്‍ ചെയ്തു വച്ച് മൂടി പുതച്ചു സുഖമായി ഉറക്കം തുടര്‍ന്നു . ഇനി തടി കൂടുന്നത് ഒന്ന് കാണണമല്ലോ!!

"എന്റെ അമ്മച്ചിയോ "

ഭൂമികുലുക്കമാണോ ,മുല്ലപെരിയാര്‍ പോട്ടിയതാണോ ? ഞാന്‍ നിലത്തു വീണു കിടക്കുന്നു . എഴുനേറ്റു ഓടാന്‍ തുടങ്ങിയപ്പോള്‍ മുന്നില്‍ വൈഫ്‌ നൈഫുമായി നിലക്കുന്നു ... ഓ ഭൂമികുലുക്കമല്ല ...വിച്ചി പതിവ് പോലെ അവള്‍ എന്നെ ചവിട്ടി നിലതിട്ടതാ ....സംശയികണ്ട പേര് സൂചിപിക്കും പോലെ ആളൊരു യക്ഷി തന്നെ,സ്നേഹത്തോടെ ഭര്‍ത്താവിനെ വിളിച്ചു ഉണര്ത്തിയിരുന്ന ഭാര്യമാരോക്കെ അന്ദ കാലത്തിലെ ഉള്ളു ഇപ്പോള്‍ ഇതില്‍ ഒതുങ്ങിയത് തന്നെ ഭാഗ്യം !!!!

ഓ ഒന്ന് വിസ്തരിച്ചു കുളിക്കാമല്ലോ!പല്ല് തെക്കല്‍ ഒക്കെ ഒരു ഒര്മയയിട്ടു കാലം എത്രയായി !!വാഷ്‌ ബൈസിനില്‍ തലകാണിച്ചു മിനറല്‍വാട്ടര്‍ കുപ്പി അങ്ങ് കമത്തി, ഒന്നും വരുന്നില്ലലോ !! അമ്മയും മകളുടെയും ഒരു കുളി, മിനറല്‍വാട്ടര്‍ മേടിച്ചിട്ട് 5 ദിവസമേ ആയിട്ടുള്ളൂ അപ്പോഴേക്കും തീര്‍ത്തു കഷ്ടം റുപിയ 1000 ചിലവാക്കണം ഒരു കുപ്പി മേടിക്കാന്‍ !! കുപ്പിയില്‍ ബാക്കിയുണ്ടായ 3 തുള്ളി വെള്ളം തലയില്‍ ഇറ്റിച്ചു കുളി കഴിച്ചു . ഓ പണ്ടൊക്കെ എന്തോരും വെള്ളമാ തലയില്‍ കോരി ഒഴിചിരുന്നത് ഇന്നു അതൊക്കെ ഒരു ഓര്‍മ മാത്രം !!

ഓഫീസില്‍ പതിവ് പോലെ ലേറ്റ് ആയി എങ്കിലും ഫിന്ഗെര്‍ പ്രിന്റ്‌ ക്രാകര്‍
ഉപയോഗിച്ച് അറ്റെന്ടെന്‍സ് തിരുത്തി..അപ്പോഴാണ് അപ്പിസ് ബോയ്‌ കുംഭകര്‍ണ്ണന്‍ ചായയുമായി വരുന്നത് റുപിയ 100 കൊടുത്തു ഒരു ചായ വാങ്ങി . പണ്ടൊക്കെ ഫ്രീ ആയി ഓഫീസില്‍ കിട്ടിയിരുന്ന ചായ ഇപ്പോള്‍ കാശ് കൊടുത്താലെ കിട്ടു മാത്രമല്ല അഡ്വാന്‍സ്‌ ആയി ബുക്കും ചെയ്യണം !!പണിചെയും മുന്‍പ് പതിവ് പരിപാടിയായ ബീറ്റ്ബുക്കില്‍ ഒന്ന് കയറാന്‍ തുടങ്ങുമ്പോള്‍ ഇതാവരുന്നു ഒരു അശരീരി " പണി എടുക്കടാ #@&*%!%&$" ബോസ്സ് ഇങ്ങനെ ഒരു പണി തരും എന്ന് ഞാന്‍ കരുതിയില്ല !! ഇവിടെയും വച്ചോ ക്യാമറ !!!കുറെ കഴിഞ്ഞു ഇനി ഇയാള്‍ ബാത്രൂമിലും ക്യാമറ വക്കുമല്ലോ !!


ചായ എഫെക്റ്റ് ആയി എന്നാ തോന്നുന്നേ !!ബാത്‌റൂമില്‍ പോകാന്‍ ഒരു ഉള്‍വിളി ... വെള്ളത്തിന്‌ സര്‍കാര്‍ വില എര്പെടുത്തിയത്തിനു ശേഷം ദിവസവും ബാത്‌റൂമില്‍ പോക്ക് ഓഫീസിലാ !!! ബാത്‌റൂമില്‍ പോകാനുള്ള ടോക്കന്‍ മേടിച്ചു ഒരു കൊച്ചു ഗ്ലാസില്‍ വെള്ളവുമായി അകത്തു കയറി,ശമ്പളം + ബാത്രൂം ,ഉള്ള പണിയാത് എത്ര നന്നായി !അല്ലേല്‍ പണിപാളിയേനെ!!


ഉച്ചക്ക് കഴിക്കാന്‍ സമയം ആയി ..... ഇന്നു കഴിച്ചത് തന്നെ ... കൈ കഴുകാന്‍ ഉള്ള ക്യൂ റോഡ്‌ വരെ എത്തി ..വല്ലവിധേനയും ആ ക്യുവില്‍ കയറിപെടാന്‍ പറ്റിയാല്‍ മതി !!അല്പം ഇടി ഉണ്ടാക്കി, എങ്കിലും കുപ്പിയുടെ മൂടിയില്‍ ഉള്ള വെള്ളം ഉപയോഗിച്ചുള്ള കൈകഴുകല്‍ ഒരു സംഭവം തന്നെ!

മലയാളി ആയി ജനിച്ചു പോയില്ലേ കുളിക്കാതെയും കൈകഴുകാതെയും ഏങ്ങനെ ജീവിക്കും ?

വൈകിട്ട് ക്ലബ്ബില്‍ ശകുനിയുടെ പാര്‍ട്ടി ... വെള്ളമടി തന്നെ ഹൈലൈറ്റ് ... നിരയായി ഒഴിച്ച് വച്ചിരിക്കുന്നു റമുകള്‍, വിസ്കി ,ബ്രാണ്ടി എല്ലാം ഉണ്ട് ..നല്ല ദാഹം ...ഞാന്‍ വെള്ളത്തിനായി പരതി അത് മാത്രം ഇല്ല ....അപ്പുറത്ത് ഒരു കൌണ്ടറില്‍ മിനറല്‍ വാട്ടര്‍ കമ്പനി മുതലാളി ശകുനി വെള്ളം വില്കാന്‍ വച്ചിരിക്കുന്നു .....ഇപ്പോഴല്ലേ പാര്‍ട്ടിയുടെ ഗുട്ടെന്‍സ് മനസിലാകുന്നത് പഹയന്‍ ശകുനി താടി കത്തുമ്പോള്‍ തന്നെ ബീഡി കത്തിക്കും !!!
പണ്ടത്തെ ദൈവത്തിന്റെ സ്വന്തം നാട് തന്നെയായിരുന്നു നല്ലത് വേറെ ഒന്നും ഇല്ലേലും വെള്ളമുണ്ടായിരുന്നു !!... ഇപ്പോള്‍ നാടിന്‍റെ തന്നെ പെരുമാറ്റിയിരിക്കുന്നു കാരണം എല്ലാവര്ക്കും സാത്താനെ മതി,കുഞ്ഞുങ്ങള്‍ക്ക്‌ പേരിടുന്നത് പോലും സാത്താന്‍ സ്റ്റൈലില്‍ !!
ഇപ്പോള്‍ ഈ നാട്ടില്‍ എല്ലാം ഉണ്ട് പക്ഷെ സാത്താന്റെ സ്വന്തം നാട്ടില്‍ വെള്ളമില്ല !!!